‘വിഷവാതക ബോംബ് സ്ഫോടനം നടക്കും’; കോഴിക്കോട് ആകാശവാണിക്ക് വ്യാജ ബോംബ് ഭീഷണി

ആകാശവാണി കോഴിക്കോട് നിലയത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഡയറക്ടറുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 12.50-ഓടെ എഫ്.എം. സ്റ്റുഡിയോയിൽ വിഷവാതകം വമിക്കുന്ന ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണിയിൽ പറഞ്ഞിരുന്നത്.
സിറ്റി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.



