മദ്യക്കുപ്പികളിൽ ‘അർബുദ മുന്നറിയിപ്പ്’ പ്രത്യേകമായി വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

മദ്യപാനം കാൻസറിന് കാരണമാകുമെന്ന വിവരം കുപ്പികൾക്ക് പുറത്ത് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. നിലവിലുള്ള ആരോഗ്യ മുന്നറിയിപ്പുകൾക്ക് പുറമെ ഓരോ രോഗത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടത്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല. മദ്യപാനം അവയവങ്ങളെ ബാധിക്കുമെന്നും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ഇതിൽ നിന്നും വ്യക്തമാണെന്ന് ഉത്തരവിൽ പറയുന്നു.

അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ മദ്യക്കുപ്പികളിൽ സ്ഥാപിക്കുന്നത് പ്രായോഗികമല്ലന്നും റിപ്പോർട്ടിൽ പറഞ്ഞു. കാവുംപുറം സ്വദേശി സി എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Related Articles

Back to top button