സിപിഎം ഭീഷണിപ്പെടുത്തുന്നു, വോട്ടർമാരെ തടയുന്നു…. ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ…. ജീവന് ഭീഷണിയെന്ന് പരാതി

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ നിൽക്കെ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ ഹൈക്കോടതിയിൽ. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കും തന്റെ ഡ്രൈവർക്കും നേരെ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണി മുഴക്കുന്നു. തന്റെ ഡ്രൈവറുടെ ജീവനും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ആരോപിക്കുന്നു.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. ഈ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും വോട്ടർമാരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ജി. സുധാകരൻ ഇത്തവണ ഇടതുമുന്നണി വിട്ട് ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.



