കോൺ​ഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടത്തിൽ പരാതി നൽകി മകൻ

മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ അപകടം ദുരൂഹമാണെന്ന് മകൻ സമീർ എം നായർ പൊലീസിൽ പരാതി നൽകി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണ് വാഹനം ഇടിക്കുന്നതിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബം ആരോപിക്കുന്ന ദുരൂഹത പൊലീസ് പരിശോധിക്കണമെന്നും മകന്റെ പരാതി അന്വേഷിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. വാഹനാപകടം നടക്കുന്ന സമയത്ത് പിഎ മാധവൻ മണലൂർ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അച്ഛനുണ്ടായ അപകടത്തിൽ കുടുംബത്തിന് സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുൻ എംഎൽഎ പിഎ മാധവന്റെ മകൻ സമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ഛനെ അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നാണ് സംശയം. അച്ഛന് ചില ഭീഷണികൾ ഉണ്ടായിരുന്നു. മാർച്ച് മാസത്തിന് മുമ്പ് അച്ഛനെ കിടത്തും എന്നായിരുന്നു ഭീഷണി. അപകടം നടക്കുന്ന സമയത്ത് മണലൂരിലെ സംഘടനാ ചുമതല ആയിരുന്നു അച്ഛനുണ്ടായിരുന്നത്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും സമീർ പറഞ്ഞു.

മുണ്ടൂരിലെ വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പിഎ മാധവനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. ഫെബ്രുവരി 21നാണ് അപകടമുണ്ടായത്. ഇടിച്ച പിക്കപ്പ് വാൻ നിർത്താതെ പോയി. കുന്നംകുളം ഭാ​ഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് ഇടിച്ചത്. സംഭവത്തിൽ പേരാമം​ഗലം പൊലീസ് കേസെടുത്തിരുന്നു. അതിനിടയിലാണ് അപകടം നടന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആരോപണവുമായി മകൻ രം​ഗത്തെത്തുന്നത്.

Related Articles

Back to top button