ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്…

ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി.  ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ് അലിറേസ റഹീമി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. 

ഏപ്രിൽ 7നാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ ഇറാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക നൽകിയ സമയപരിധിക്ക് ശേഷം ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നില്ലെങ്കിൽ, ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ജനങ്ങളോട് രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തത്. ഈ മേഖലയിലെ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇതൊരു വലിയ പ്രതിഷേധമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Back to top button