ശബരിമല കേസ്… നിലപാട് മാറ്റി സംസ്ഥാന സർക്കാർ…. പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറാൻ അപേക്ഷ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിർണ്ണായകമായ പുനഃപരിശോധനാ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നിർണ്ണായക നീക്കവുമായി കേരള സർക്കാർ. യുവതി പ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി.
2018-ലെ വിധി നടപ്പിലാക്കണമെന്ന മുൻ നിലപാടിൽ നിന്ന് മാറി, പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് സ്റ്റാൻഡിംഗ് കോൺസൽ വഴി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വിഭാഗത്തിലായിരുന്നു കേരളത്തെ ഉൾപ്പെടുത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് നാളെ മുതൽ കേസിൽ വാദം കേൾക്കുന്നത്. മൗലികാവകാശവും മതസ്വാതന്ത്ര്യവും തമ്മിലുള്ള നിയമപരമായ വിഷയങ്ങൾ ബെഞ്ച് വിശദമായി പരിശോധിക്കും.
നാളെ മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വരെ സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം നടക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. മതാചാരങ്ങളിൽ കോടതികൾ തീർപ്പ് കൽപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക. യുവതി പ്രവേശന വിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരും കോടതിയെ സമീപിച്ചിട്ടുണ്ട്.
യുവതി പ്രവേശനത്തിൽ കൃത്യമായ നിലപാട് പറയാതെ പണ്ഡിതരുടെ സമിതി രൂപീകരിക്കണമെന്നായിരുന്നു സർക്കാർ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ശബരിമലയ്ക്ക് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും.



