ആനയറ ക്ഷേത്രത്തിൽ മേൽശാന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…. ആത്മഹത്യക്കുറിപ്പിൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ പരാമർശം

തിരുവനന്തപുരം നഗരത്തിലെ ആനയറ മുല്ലൂർ ദേവീക്ഷേത്രത്തിനുള്ളിലെ വിശ്രമമുറിയിൽ മേൽശാന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലമുക്ക് ഇരപ്പകുഴി സ്വദേശി വിഷ്ണു (39) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടുപേർ തന്നെ മോശമായി ചിത്രീകരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമത്താലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങൾ നടത്തിയ ഇടപെടലുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ 4.30-ഓടെ ക്ഷേത്രത്തിലെത്തിയ വിഷ്ണു പ്രാർത്ഥനകൾക്ക് ശേഷം വിശ്രമമുറിയിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പേട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മരിച്ച വിഷ്ണുവിന്റെ സംസ്കാരം നാളെ രാവിലെ 11 മണിക്ക് നടക്കും. കവിതയാണ് ഭാര്യ. വൈഗ കൃഷ്ണ, വൈഭവി കൃഷ്ണ എന്നിവർ മക്കളാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Back to top button