നിയമ നടപടിയുമായി ടിഎൻ പ്രതാപൻ.. 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫിറോസിന് വക്കീൽ നോട്ടീസ്…

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുൻ കോൺഗ്രസ് പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപൻ വക്കീൽ നോട്ടീസ് അയച്ചു.
24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നൽകുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ഫിറോസിന്റെ പ്രസ്താവനകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.



