എസ്‌ഐആറില്‍ ബിജെപിക്ക് ‘പണി കിട്ടുമോ?’, നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു

25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന കേരളത്തില്‍ ഇത്തവണ എസ്‌ഐആറിന് ശേഷം ഏഴ് ലക്ഷത്തിലധികം വോട്ടര്‍മാരുടെ കുറവാണുണ്ടായിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 3.03 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്(30,000 മുതല്‍ 46,000 വരെ).
എസ്‌ഐആറിന് മുന്‍പ് 2025 ഒക്ടോബറില്‍ വോട്ടര്‍പട്ടിക മരവിപ്പിച്ച ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.78 കോടിയായിരുന്നു. മാര്‍ച്ച് 23ന് പുറത്തിറക്കിയ അന്തിമ പട്ടിക പ്രകാരം ഇത് 2.71 കോടിയായി കുറഞ്ഞു. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വലിയ പരാതികളില്ലാതെയാണ് എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തിയായതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ‘ഈ നടപടി എല്ലാ കക്ഷികള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കിയിട്ടുണ്ട്, ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം, ത്രികോണ മത്സരം ഫലത്തെ പ്രവചനാതീതമാക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



