സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതിയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്തു; ജനനേന്ദ്രിയത്തിൽ ഇരുമ്പ് ദണ്ഡ് കുത്തികയറ്റി; കൊടുംക്രൂരതയ്ക്കിരയായത് സ്വന്തം വീടിനുള്ളിൽവെച്ച്

സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതിയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത ശേഷം ജനനേന്ദ്രിയത്തിൽ ഇരുമ്പ് ദണ്ഡ് കുത്തികയറ്റി. ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിലാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ യുവതിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. യുവതിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കടന്നാണ് അജ്ഞാതനായ വ്യക്തി ആക്രമണം നടത്തിയത്.

യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വെള്ളം ചോദിച്ചാണ് പ്രതി എത്തിയത്. വീട്ടിൽ പ്രവേശിച്ച ശേഷം ഇയാൾ യുവതിയെ കീഴ്പ്പെടുത്തി കെട്ടിയിട്ടതായും കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി ബലാത്സം​ഗം ചെയ്തതായും പൊലീസ് വ്യക്തമാക്കി. യുവതിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. തനിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് പ്രതി പ്രകോപിതനാവുകയും ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗങ്ങളിൽ തറയ്ക്കുകയുമായിരുന്നു. അതിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ യുവതിയുടെ സഹോദരീപുത്രൻ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെത്തുടർന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവർ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

നിലവിൽ നരസറാവുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അവർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധവും ആശങ്കയും ഉയർന്നിരിക്കുകയാണ്. പ്രതിയെ പിടികൂടുന്നതിനായി പൽനാട് ജില്ലാ പൊലീസ് നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button