തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന സ്വരാജ്, ശവംതൂക്കികളെ വെളുപ്പിക്കാനാണ് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ചെയ്യുന്നത്

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി സി പി എം വിട്ട് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി കുഞ്ഞിക്കൃഷ്ണൻ. തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ എല്ലാവരും വീഴില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തോട് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ പരിഹസിച്ചു. പാർട്ടി ആശ്രിതരുടെ നിസ്സഹായതയെ ബുദ്ധിപരമായി ചൂഷണം ചെയ്യാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്താൻ കഴിയില്ലെന്ന് പറയുന്നത് പോലെയാണ് സ്വരാജിന്റെ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.



