കെഎസ്ആർടിസിയിൽ കെ.സി. വേണുഗോപാലും പിഷാരടിയും…. സ്ത്രീകളുടെ സൗജന്യ യാത്ര ഉറപ്പ് നൽകി യുഡിഎഫ് പ്രചാരണം

പാലക്കാട്: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയ്ക്ക് ജനപിന്തുണ തേടി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടൻ രമേഷ് പിഷാരടിയും പാലക്കാട് കെഎസ്ആർടിസി ബസ് യാത്ര നടത്തി. കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച യാത്രയിൽ യാത്രക്കാരുടെ പ്രതികരണങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ നേതാക്കൾ, പദ്ധതി നടപ്പിലാക്കുമെന്ന ഉറച്ച പ്രഖ്യാപനവും നടത്തി.

യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായ സൗജന്യ ബസ് യാത്രയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനായിരുന്നു യാത്ര. ബസ്സിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാർ പദ്ധതിയെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പദ്ധതി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുമെന്ന ഇടതുപക്ഷത്തിന്റെ വിമർശനത്തിന് കെ.സി. വേണുഗോപാൽ മറുപടി നൽകി. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകൾ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും, യാത്രക്കാരുടെ ടിക്കറ്റ് തുക സബ്‌സിഡിയായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിത്യേന ജോലിക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ഭദ്രത നൽകുമെന്നും സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. യാത്രയ്ക്കിടെ യാത്രക്കാരുമായി തമാശകൾ പങ്കുവെച്ചും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും രമേഷ് പിഷാരടി സജീവമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് വലിയ ഊർജ്ജമാണ് ഈ ബസ് യാത്ര നൽകിയത്.

Related Articles

Back to top button