‘ഒരാളേയും ഇവിടെ നിന്നു പുറത്താക്കാൻ പറ്റില്ല, നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി എന്നു പറയാം’

കേരളത്തിൽ നിന്നു ആരേയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ല. നാട്ടിൽ ഒരു വിഭാ​ഗം ആശങ്കയിൽ കഴിയാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാ​ഗമായാണ് നേറ്റിവിറ്റി കാർഡ് സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണമെന്നും പിണറായി വിജയൻ. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ ഭേ​ദ​ഗതി നിയമം ഈ നാട്ടിൽ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സർക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടിൽ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. എന്നാൽ രാജ്യത്തൊരു നിയമം വന്നാൽ നടപ്പാക്കാൻ കഴിയില്ലെന്നു നിങ്ങൾ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലർ ചോദിച്ചത്. നടപ്പാക്കില്ലെന്നു പറഞ്ഞാൽ അതിനർത്ഥം നടപ്പാക്കില്ലെന്നു തന്നെയാണെന്നു അക്കൂട്ടരോടു ഞങ്ങൾ പറഞ്ഞു. അന്ന് സംശയം പ്രകടിപ്പിച്ചവർക്ക് ഇന്ന് ആ സംശയം ഉണ്ടോ. നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. കാരണം നമ്മുടെ മണ്ണിൽ പിറന്ന മക്കൾ നമ്മുടെ നാടിന്റെ സന്തതികളാണ്. അവർ ഈ നാടിന്റെ അവകാശികളാണ്. അവരുടെ അവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ ഭാ​ഗമായാണ് സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടു വന്നത്.

നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി ഇതാ തെളിവ് സംസ്ഥാനം നൽകിയ നേറ്റിവിറ്റി കാർഡ് എന്നു പറയാം. ഒരാൾക്കും ആരേയും ഇവിടെ നിന്നു പുറത്താക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ഒരു വിഭാ​ഗം ആശങ്കയിൽ കഴിയാൻ പാടില്ല. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണം. എന്നാൽ കോൺ​ഗ്രസും മുസ്ലീം ലീ​ഗും നേറ്റിവിറ്റി കാർഡിനെ സ്വാ​ഗതം ചെയ്യാൻ തായ്യാറായില്ല. അവർക്ക് ബിജെപിയെ ഭയമാണോ. ഇടതുപക്ഷത്തിനു അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പിണറായി വ്യക്തമാക്കി.

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വികസനങ്ങൾ പ്രസം​ഗത്തിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഈ വികസനത്തിൽ കേന്ദ്ര സർക്കാർ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും വിമർശിച്ചു.

Related Articles

Back to top button