റിയാസിന്റെ വിജയത്തിൽ ആശങ്കയില്ല… മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം… ബേപ്പൂരിൽ റിയാസിന് വോട്ട് തേടി മുഖ്യമന്ത്രി

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ബഹുജന റാലിയിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും പൗരത്വ നിയമം പോലുള്ള വിഷയങ്ങളിലെ കോൺഗ്രസിന്റെ നിലപാടുകൾക്കും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസ് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ ബേപ്പൂരിലെ വോട്ടർമാർ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിയാസിന്റെ വിജയത്തിൽ തനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പൗരത്വ ഭേദഗതി നിയമം (CAA) കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു. ആർഎസ്എസ് ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വയനാട് ദുരന്തത്തിൽ പോലും കേരളത്തിന് അർഹമായ സഹായം നൽകാതെ തകർക്കാനാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതികരിക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ല. ബിജെപിയെ പിണക്കാൻ ഭയന്നാണ് അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് സർവേകളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണയും എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Back to top button