കായംകുളത്തെ പെറ്റ്സ് ഷോപ്പിൽ കയറി സ്ത്രീയെ….

മാവേലിക്കര: കായംകുളം അജന്താ ജംഗ്ഷനിലെ ഹെവൻസ് പെറ്റ്സ് അക്വേറിയം ഷോപ്പിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയ്ക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അസ്സി.സെഷൻസ് കോടതി ഉത്തരവായി.
2018 ഫെബ്രുവരി 6നാണ് കായംകുളം കണ്ണമ്പളളൽ പട്ടാണിപ്പറമ്പിൽ ചിറയിൽ വീട്ടിൽ ശ്രീജയെ ആദിനാട് പുന്നക്കുളം ദാറുൽ സലാം വീട്ടിൽ ഫൈസൽ (39) കടയിൽ കയറി ആക്രമിച്ചത്. കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 8 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.
ശ്രീജയുടെ ഭർത്താവിൻ്റെ പെറ്റ്ഷോപ്പിൽ നിന്നും വാടകയ്ക്ക് എടുത്ത സാധനങ്ങൾ, വാടക നൽകാതെയും തിരികെ നൽകാതിരിക്കുയും ചെയ്തത് ശ്രീജയുടെ ഭർത്താവ് ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കടയിൽ അതിക്രമിച്ച് കയറി ശ്രീജയെ കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് തുടയിലും ഇടത് കൈത്തണ്ടയിലും കുത്തുകയും കമ്പികൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവിനും ഒരു വർഷം സാധാരണ തടവിനും 20,000 രൂപ പിഴ അടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴയൊടുക്കിയില്ലെങ്കിൽ 10 മാസം കഠിനതടവും 2 മാസം സാധാരണ തടവും അനുഭവിയ്ക്കണമെന്നും അസ്സി സെഷൻസ് ജഡ്ജ് അമ്പിളി ചന്ദ്രൻ വിധിച്ചിട്ടുണ്ട്. പ്രോസിക്യുഷന് വേണ്ടി പി.സന്തോഷ് കുമാർ, ഇ.നാസറുദ്ദീൻ, പി.വി.സന്തോഷ് കുമാർ, എസ്.സജികുമാർ, ജി.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി.



