എഫ്‌സിആർഎ ഭേദഗതിക്കെതിരെ സിബിസിഐ….. കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ മെത്രാൻ സമിതി (CBCI). വിഷയം ദേശീയ തലത്തിൽ ഉന്നയിക്കുന്നതിനായി ഏഴംഗ കോർ കമ്മിറ്റിക്ക് സിബിസിഐ രൂപം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, കേരളത്തിലെ രാഷ്ട്രീയ ചർച്ചകളെയാകെ മാറ്റിമറിക്കുന്ന രീതിയിലാണ് എഫ്‌സിആർഎ വിവാദം പടരുന്നത്.

ഭേദഗതിക്കെതിരെ മറ്റു ന്യൂനപക്ഷ സമുദായങ്ങളെക്കൂടി അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് സിബിസിഐയുടെ തീരുമാനം. തിരഞ്ഞെടുപ്പ് തിരക്കുകൾ മാറ്റിവെച്ച് എംപിമാർ ഡൽഹിയിലെത്തി വിഷയം ഗൗരവമായി ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. നിയമഭേദഗതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിജെപി ആവർത്തിക്കുമ്പോഴും പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്ന് കെസിബിസി വക്താവ് ഫാദർ തോമസ് തറയിൽ പറഞ്ഞു. കേന്ദ്രത്തിന്റേത് അപകടകരമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി.

ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സഭകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന ആരോപണം ശക്തമാണ്. അതേസമയം, ഈ നിയമഭേദഗതി ക്രൈസ്തവ സമുദായത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവർത്തിക്കുന്നത്. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക മാത്രമാണ് കേന്ദ്ര ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Related Articles

Back to top button