സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരിൽ നിന്ന് സർട്ടിഫിക്കറ്റ് വേണ്ട….. അമിത് ഷായ്ക്ക് എക്സിലൂടെ സിപിഐഎമ്മിന്റെ മറുപടി

സിപിഐഎമ്മിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി പാർട്ടി നേതൃത്വം. ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചത്.
ഇന്ത്യയിലെ നക്സൽ കേന്ദ്രങ്ങൾ തകർത്തതിനെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കവെയാണ് അമിത് ഷാ സിപിഐഎമ്മിനെതിരെ പരാമർശം നടത്തിയത്. സായുധ പോരാട്ടത്തിലൂടെ പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ 1969-ലാണ് സിപിഐഎം രൂപീകരിച്ചതെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. റഷ്യയിലും ചൈനയിലും നടന്നതിന് സമാനമായ ഭരണ അട്ടിമറിക്കായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു. 1964-ൽ രൂപീകൃതമായ സിപിഐഎം സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകം പേറുന്ന പ്രസ്ഥാനമാണെന്ന് പാർട്ടി വ്യക്തമാക്കി. അന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരിൽ നിന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്നവരിൽ നിന്നും സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്ന് സിപിഐഎം തിരിച്ചടിച്ചു.
സിപിഐഎം രൂപീകരിച്ചത് 1964-ലാണെന്നിരിക്കെ, 1969-ലാണ് പാർട്ടി ഉണ്ടായതെന്ന അമിത് ഷായുടെ പ്രസ്താവന വസ്തുതാപരമായ പിശകാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിലും തെരുവിലും നിരന്തരം ഉന്നയിക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തെ അധിക്ഷേപിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്ന് പാർട്ടി കുറ്റപ്പെടുത്തി. അമിത് ഷായുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് കേന്ദ്രമന്ത്രിക്ക് ചേർന്നതല്ലെന്നും വിമർശനമുയർന്നു.



