മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി….

പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണ കൊള്ള ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഹുലിന്‍റെ പ്രധാന വിമര്‍ശനം. വേദിയിൽ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുൽ ഉയര്‍ത്തിയപ്പോൾ സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു.രാജ്യത്തിന്‍റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുൽ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും, അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളിൽ മോദി അനാവശ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബർ കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. യുഡിഎഫ് സർക്കാർ മുൻപ് നൽകിയിരുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



