ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം… എംഎൽസി സ്ഥാനം രാജിവെച്ചു…. ഇനി രാജ്യസഭയിലേക്ക്

ബിഹാർ രാഷ്ട്രീയത്തിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ നിയമസഭാ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജെഡിയു എംഎൽസി സഞ്ജയ് ഗാന്ധി ഇന്ന് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് നിതീഷിന്റെ രാജിക്കത്ത് സമർപ്പിച്ചത്. പത്താം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ അധികാരമൊഴിയുന്നത്.

മാർച്ച് 16-ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നത്. വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവെയ്ക്കുമെന്നാണ് സൂചന. ക്യാബിനറ്റ് മന്ത്രി വിജയ് കുമാർ ചൗധരി രാജിക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ പകരക്കാരനായി അദ്ദേഹത്തിന്റെ മകൻ നിഷാന്ത് ജെഡിയുവിനെ നയിക്കാനെത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ധാരണ പ്രകാരം നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും.

രണ്ട് പതിറ്റാണ്ടിലധികം ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന നിതീഷ് കുമാറിന്റെ പടിയിറക്കം അപ്രതീക്ഷിതമായാണ് സംഭവിച്ചത്. ഭരണതലത്തിൽ വലിയൊരു അധികാര കൈമാറ്റത്തിനാണ് ഈ നീക്കം വഴിതുറക്കുന്നത്. നിതീഷ് കുമാറിന്റെ രാഷ്ട്രീയ മാറ്റത്തെ പ്രതിപക്ഷം രൂക്ഷമായി പരിഹസിച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് സമാനമായി നിതീഷിനെ ബിജെപി റാഞ്ചിയതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്രയും വലിയൊരു രാഷ്ട്രീയ അതികായന് ഉചിതമല്ലാത്ത രീതിയിലുള്ള പടിയിറക്കമാണ് ഇതെന്ന വിമർശനം ജെഡിയു പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്.

Related Articles

Back to top button