സിപിഎം വിമതരുടെ ഉയർച്ച; കണ്ണൂരിൽ പാർട്ടിക്ക് വെല്ലുവിളിയാകുമോ?

കേരള രാഷ്ട്രീയത്തിൽ ഇതുപക്ഷത്തിൻ്റെ ഉരുക്കു കോട്ട. അതാണ് കണ്ണൂർ. ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 48 ഇടത്തും ഭരിക്കുന്നത് ഇടതുപക്ഷം. ജില്ല പഞ്ചായത്തിൽ 18 ഡിവിഷനുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്തും 8 നഗരസഭകളിൽ അഞ്ചിടത്തും എൽഡിഎഫിന് തന്നെയാണ് മേൽക്കോയ്മ. ഒറ്റപ്പെട്ട ചില യുഡിഎഫ് തുരുത്തുകള്‍ ജില്ലയിലുണ്ട് എന്നതൊഴിച്ചാൽ സിപിഎമ്മിൻ്റെ ഉരുക്കുകോട്ട എന്നുതന്നെ കണ്ണൂരിനെ വിശേഷിപ്പിക്കാം. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍. ഇങ്ങനെ 11 നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂരുള്ളത്. മികതും ഇടതുപക്ഷത്തിൻ്റെ കൈകളിൽ.
രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ച വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ. മലബാറിലെ കർഷക സമരങ്ങളിലൂടെയും കമ്യൂണിസ്റ്റ് ആശയങ്ങളിലൂടെയുമാണ് കണ്ണൂർ ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രമായി മാറുന്നത്. കെ കേളപ്പൻ, എകെ ഗോപാലൻ, വിവി കുഞ്ഞമ്പു തുടങ്ങിയ പ്രമുഖർ കണ്ണൂരിൻ്റെ രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ടവരാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും സിപിഎം ഒറ്റക്കെട്ടായി നിന്ന സാഹചര്യം മാത്രമേ കണ്ണൂരുണ്ടായിരുന്നുള്ളൂ. എന്നാൽ ഇത്തവണ കണ്ണൂരിനെ ചർച്ചാവിഷയമാക്കിയത് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളെക്കാൾ ഉപരി വിമതനീക്കങ്ങളായിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷിയായത്.
പാർട്ടിക്കുള്ളിൽ ആരോപണങ്ങളും അഭിപ്രായഭിന്നതകളും ഒക്കെ ഉണ്ടാകും. സിപിഎമ്മിനെ സംബന്ധിച്ച് അത് പരസ്യ പ്രതികരണങ്ങളിലേക്ക് കടക്കുന്നത് അപൂർവ്വമായ ഒന്നാണ്. പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ആ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ തുറന്നെതിർക്കുകയും, ഉടുക്കം വർഷങ്ങളോളം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കാണാൻ സാധിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഉറച്ച കോട്ടയാണ് പയ്യന്നൂരും തളിപ്പറമ്പും. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണിത്. പയ്യന്നൂരാകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പല പ്രമുഖരും മത്സരിച്ച വിജയിച്ച മണ്ഡലവും.



