മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പത്ത് വർഷമായി കേരളം സഹിക്കുന്നു…. മാറ്റം ആഗ്രഹിച്ച് ജനങ്ങളെന്ന് കെ.സി. വേണുഗോപാൽ

കോൺഗ്രസ്-ബിജെപി ഡീൽ ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ വെറും ‘മയിൽപ്പീലി തല്ല്’ മാത്രമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലാണ് യഥാർത്ഥത്തിൽ അന്തർധാരയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആരോപണം ആര് വിശ്വസിക്കാനാണെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. ട്വന്റി-ട്വന്റിയെ ഇടനില നിർത്തിയാണ് സിപിഎം-ബിജെപി ഡീൽ നടക്കുന്നത്. തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥി നിർണ്ണയം പരിശോധിച്ചാൽ ഈ ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ആര് വോട്ട് ചെയ്യണമെന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നായിരുന്നു മറുപടി. എന്നാൽ, വർഗ്ഗീയ സംഘടനകളുമായി കോൺഗ്രസിന് യാതൊരു വിധത്തിലുള്ള ചങ്ങാത്തമോ കൂട്ടുകെട്ടോ ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ദേശീയ നേതൃത്വത്തിന്റെ ഈ നിലപാട് തന്നെയാണ് കേരളത്തിലും പിന്തുടരുന്നത്.

ജനങ്ങൾ യുഡിഎഫിന് നൽകുന്ന വലിയ പിന്തുണ കണ്ടതോടെയാണ് മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. മാധ്യമപ്രവർത്തകർക്കോ പാർട്ടി പ്രവർത്തകർക്കോ പോലും മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ അസഹിഷ്ണുത പത്ത് വർഷമായി കേരളം സഹിക്കുകയാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറുമ്പ് കാണിക്കുന്ന കൃഷ്ണനെ യശോദ വേദനിപ്പിക്കാതെ തല്ലുന്നതുപോലെയാണ് ബിജെപിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ. ബിജെപിയെ ഒട്ടും വേദനിപ്പിക്കാത്ത രീതിയിലുള്ള പ്രസ്താവനകളാണ് പിണറായി വിജയന്റേതെന്നും വേണുഗോപാൽ പരിഹസിച്ചു.

Related Articles

Back to top button