സംസ്കൃത പരീക്ഷ എങ്ങനെയെങ്കിലും പാസാക്കി തരണേ’; ഉത്തരക്കടലാസിൽ 500-ന്റെ രണ്ട് നോട്ടുകൾ തുന്നിച്ചേർത്ത് വിദ്യാർത്ഥിയുടെ അപേക്ഷ

പരീക്ഷയിൽ ജയിക്കാൻ പലരും പല വിദ്യകളും പരീക്ഷിക്കാറുണ്ട്. പ്രാർത്ഥനകളും നേർച്ചകളുമൊക്കെയായി അത് നീളും. എന്നാൽ, ജാർഖണ്ഡിൽ നടന്ന ഒരു സംഭവം അതിനെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു. പരീക്ഷാ പേപ്പറിൽ എഴുതിയ ഉത്തരങ്ങൾക്കൊപ്പം 500 രൂപയുടെ രണ്ട് നോട്ടുകൾ തുന്നിച്ചേർത്ത്, എങ്ങനെയെങ്കിലും സംസ്കൃത പരീക്ഷ പാസാക്കി തരണമെന്ന് അധ്യാപകനോട് അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഉത്തരക്കടലാസിനുള്ളിൽ 500 ൻറെ നോട്ടുകൾ തുന്നികൂട്ടി വച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബോർഡ് പരീക്ഷകൾ അവസാനിച്ചതോടെ ജാർഖണ്ഡിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടക്കുകയാണ്. വിദ്യാ‍ർത്ഥികൾക്ക് കൃത്യവും ന്യായവുമായ മാർക്ക് ഉറപ്പാക്കാൻ അധ്യാപകർ ശ്രമകരമായ ജോലി ചെയ്യുന്നു. വിദ്യാർത്ഥികൾ എഴുതിക്കൂട്ടിയ ഉത്തരങ്ങൾക്കിടയിലൂടെ വായിച്ച് പോകുമ്പോഴാണ് പലാമുവിലെ ഒരു മൂല്യനിർണ്ണയ ക്യാമ്പിലെ അധ്യാപകൻറെ കണ്ണിൽ രണ്ട് 500 രൂപയുടെ നോട്ടുകൾ ഉടക്കിയത്. കൂടെ ഒരു അപേക്ഷയും ഉണ്ടായിരുന്നു. സംസ്കൃത പരീക്ഷ പാസാക്കി വിടണം. എന്നാൽ, പൂജ്യം മാർക്ക് നൽകിയ അധ്യാപകൻ തനിക്ക് ഉത്തരക്കടലാസിന് ഇടയിൽ നിന്നും ലഭിച്ച പണം അധികൃതരെ ഏൽപ്പിച്ചു. പിന്നാലെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Related Articles

Back to top button