സിപിഐഎം അഹങ്കാരികളുടെ പാർട്ടി… അമ്പലപ്പുഴയിൽ ചെങ്കൊടി പിടിക്കുന്നത് കഞ്ചാവടിക്കാർ…. ജി. സുധാകരൻ

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി. സുധാകരന്. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് പ്രസംഗിക്കവേ ജി. സുധാകരന് പറഞ്ഞത്.
‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം’ എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പ്രസംഗിക്കവേ ജി. സുധാകരൻ പറഞ്ഞത്.
എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ലെന്നും ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎമ്മിൽ ചെറുപ്പക്കാർ പോലും നേരെ ചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരൻ എന്ന് പേരുള്ള ഒരാളെ കൊണ്ട് പത്രിക കൊടുപ്പിച്ചത് സിപിഐഎമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും ജി സുധാകരൻ പറഞ്ഞു.
എ. വിജയരാഘവനെതിരെയും രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരൻ പരാമർശങ്ങൾ നടത്തിയത്. വിജയരാഘവൻ പ്രസംഗിക്കുന്നിടത്ത് പാർട്ടി തോൽക്കുമെന്നും അതുകൊണ്ട് ‘പരാജയരാഘവൻ’ എന്ന പേരാണ് അദ്ദേഹത്തിന് ചേരുകയെന്നാണ് സുധാകരൻ പരിഹസിച്ചത്. ബ്രാഞ്ചിലിരിക്കാൻ പോലും യോഗ്യതയില്ലാത്തയാളാണ് പിബി അംഗമായിരിക്കുന്നതെന്നും ഇത്തരക്കാർ കാരണം സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം. എ ബേബി ഏറെ കഷ്ടപ്പെടുകയാണെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു.
പ്രസംഗത്തിലുടനീളം കോൺഗ്രസിനെ പ്രശംസിച്ചുകൊണ്ടാണ് സുധാകരൻ സംസാരിച്ചത്. പറഞ്ഞ് കേട്ടതിൽ ഏറെ വ്യത്യസ്തമാണ് കോൺഗ്രസ് എന്ന് തനിക്ക് വ്യക്തമായി മനസിലായെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സംസ്കാരവും പക്വതയും ബുദ്ധിയും നിസ്വാർത്ഥതയുമുള്ള പാർട്ടി എന്നാണ് കോൺഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പാവമായ താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് അനുകമ്പ കാണിച്ചെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും ജി. സുധാകരൻ പറഞ്ഞു. തനിക്ക് ലഭിക്കാൻ പോകുന്ന വോട്ടിനെ കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളും ജി. സുധാകരൻ പ്രസംഗത്തിനിടെ അവതരിപ്പിച്ചു. ‘90000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ട്. സിപിഐഎമ്മിൽ നിന്ന് 15000 ഉം, ബിജെപിയിൽ നിന്ന് 5000ഉം വോട്ട് കൂടി എനിക്ക് ലഭിക്കും. നിഷ്പക്ഷരായ 25000 പേരുടെ വോട്ടും എനിക്ക് ലഭിക്കും,’ എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.



