കോൺഗ്രസ് വിട്ട എൻ എസ് നുസൂർ…… നുസൂർ സിപിഐഎമ്മിലേക്ക്…… ചുവപ്പണിഞ്ഞ് കൈപിടിക്കാൻ ഇടത് നേതൃത്വം

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്. മുതിർന്ന സിപിഐഎം നേതാക്കൾ നുസൂറുമായി ആശയവിനിമയം നടത്തി. പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമേയുളളുവെന്ന് നേതാക്കളെ നുസൂർ അറിയിച്ചു.

മിശ്രവിവാഹം നടത്തിയതിൻ്റെ പേരിൽ കോൺഗ്രസിൽ വിവേചനം നേരിട്ടയാളെ ചേർത്ത് പിടിക്കും എന്നാണ് സിപിഐഎം പറഞ്ഞത്. നുസൂറിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് അടുത്ത ദിവസങ്ങളിൽ തന്നെ സംഘടിപ്പിക്കും. മാർച്ച് 20നാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നുസൂർ പാർട്ടി വിട്ടത്. ഇതുപോലെ ഗതികെട്ട ഒരു കാലഘട്ടം കോൺഗ്രസിന് ഉണ്ടായിട്ടില്ല എന്നും വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും നുസൂർ പറഞ്ഞിരുന്നു.

‘തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുവെന്നും നുസൂർ ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് ബിജെപി ഡീല്‍ നടന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം, പകരം അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസിനെ ജയിപ്പിക്കും. പിന്നീട് അത് വട്ടിയൂര്‍ക്കാവും അരുവിക്കരയുമായി. അരുവിക്കരയില്‍ ശബരീനാഥനായിരുന്നു സര്‍വേ റിപ്പോര്‍ട്ടില്‍ മുന്നില്‍ നിന്നത്. അതുവെച്ച് ശബരിയോട് വര്‍ക്ക് തുടങ്ങാന്‍ പറഞ്ഞു. ദേശീയ തലത്തിലുളള ആളുടെ നിര്‍ദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് നല്‍കിയത്.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേസമയം കയ്യില്‍വെച്ച് അമ്മാനമാടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി എന്നായിരുന്നു നുസൂർ പറഞ്ഞത്. താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറഞ്ഞതെന്നും ഭാര്യ അമ്പലത്തില്‍ പോകുന്നതാണോ ഇവരുടെ പ്രശ്‌നമെന്നും നുസൂര്‍ ചോദിച്ചിരുന്നു. യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലാണ് എന്നും ബാബറി മസ്ജിദ് പൊളിച്ചത് മുതല്‍ ഇന്നുവരെ വര്‍ഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ് എന്നും നുസൂർ പറഞ്ഞിരുന്നു.

Related Articles

Back to top button