മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ല…കാരണം….

തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ല. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസിന് മുന്പില് ഇന്നലെ വൈകിട്ട് മൂന്നരയോടെ ശശി കീഴടങ്ങിയിരുന്നു. ഇനി തെളിവെടുപിന്റെ ആവശ്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഏപ്രിൽ നാല് വരെയാണ് നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റ് ശശിയെ റിമാൻഡ് ചെയ്തതിട്ടുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു ശശി.
കഴിഞ്ഞ മാസം 28നാണ് വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലെത്തിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വീട്ടിനകത്ത് മുള്ളൻപന്നിയെ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാര്‍ വിവരം വാര്‍ഡ് അംഗം ഷൈലജയെ അറിയിച്ചു. അവര്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ അറിയിച്ചു. തൊട്ടുപിന്നാലെ വീട്ടുടമയും നാട്ടുകാരും വനംവകുപ്പിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുള്ളന്‍പന്നിയെ അടിച്ചുകൊന്നത്.
തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ് ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.



