വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

മലപ്പുറം ചങ്ങരംകുളത്ത് വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. തീപിടിത്തം പരിഭ്രാന്തി പരത്തി. ചങ്ങരംകുളം ടൗണിൽ നന്നംമുക്ക് റോഡിൽ പോസ്റ്റോഫിസിന് സമീപത്തെ തനിമ ജനകീയ ഹോട്ടലിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുകളില്ല.
ജീവനക്കാർ ഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതലായി കത്താൻ തുടങ്ങിയതോടെ പൊലീസിലും അഗ്നിരക്ഷസേനയിലും അറിയിച്ചു. ചങ്ങരംകുളം പൊലീസും പൊന്നാനിയിൽനിന്ന് അഗ്നിരക്ഷസേനയുമെത്തി.
അടുക്കളയിലെ വയറിങ് അടക്കം കത്തിനശിച്ച നിലയിലാണ്. അടുക്കള സാമഗ്രികളും ശുചീകരണ ഉപകരണങ്ങളും മേൽക്കൂരയുമടക്കം കത്തിനശിച്ചു. സേന എത്തുമ്പോഴുക്കും പാചകവാതക ചോർച്ച ശക്തിയായി ഉണ്ടായിരുന്നു. സേന എത്തി സിലിണ്ടർ പുറത്തേക്കെടുത്ത് ചോർച്ച അടച്ചു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീയണക്കാനായത്. കടയിലെ ഉപകരണങ്ങൾ പലതും കത്തിനശിച്ചു.



