തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ പടയൊരുക്കം… ‘ഇറക്കുമതി’ വേണ്ടെന്ന് ഡിസിസി… കാസര്‍കോട് കോൺഗ്രസിൽ കലാപം

കാസര്‍കോട്: സന്ദീപ് വാര്യരുടെ തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത അതൃപ്തി. നാളെ അടിയന്തര ഡിസിസി യോഗം ചേരും. ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടേക്കും. തൃക്കരിപ്പൂർ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്.
കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.
അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.



