‘കണ്ണൂർ സീറ്റ്’, നിലപാട് നാളെ പറയും…കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തു വന്നതിനു പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് കെ സുധാകരൻ എംപി. നാളെ ഡൽഹിയിൽ വച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കില്ലെന്നു ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹം നിർണായക വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സുധാകരനോട് അടുത്തു നിൽക്കുന്ന പ്രധാനപ്പെട്ട നേതാക്കളുമായും അനുയായികളുമായും കൂടിയാലോചിച്ചാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രം​ഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. അതിനിടെ ഇന്ന് 55 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺ​ഗ്രസ് പുറത്തിറക്കുകയും ചെയ്തു.

Related Articles

Back to top button