കൂടുമാറിയവർക്ക് ‘കൈ’ കൊടുത്ത് കോൺഗ്രസ്…

തിരുവനനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിൽ നിന്ന് കൂടുമാറിയവർക്ക് ‘കൈ’കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തെ പ്രമുഖ സി പി എം നേതാവും കൊട്ടാരക്കരയിലെ മുൻ എം എൽ എയുമായ ഐഷ പോറ്റിയാണ് ആദ്യം കോണഗ്രസിന് കൈ കൊടുത്ത് കൂറുമാറിയത്. ഐഷ പോറ്റിയെ കൊട്ടാരക്കരയിലെ അങ്കത്തട്ടിൽ വീണ്ടുമിറക്കിയിരിക്കുകയാണ് കോൺഗ്രസ്.
ധനമന്ത്രി കെ എൻ ബാലഗോപാലിനെ അട്ടിമറിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫായിരുന്ന എസ് സുരേഷിനും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. ഇന്ന് പാർട്ടി അംഗത്വമെടുത്ത സുരേഷിനെ വി എസിന്‍റെ സ്വന്തം മലമ്പുഴയിൽ തന്നെയാണ് പോരിനിറക്കിയിരിക്കുന്നത്. വി എസിന്‍റെ പിൻഗാമിയായി മലമ്പുഴയിൽ ചെങ്കൊടി പാറിച്ച എ പ്രഭാകരനെ സുരേഷ് മലർത്തിയടിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.



