‘അമ്പലപ്പുഴയിൽ കോൺഗ്രസ് സുധാകരനെ പിന്തുണയ്ക്കുമെന്ന തീരുമാനത്തെക്കുറിച്ച് അറിയില്ല… ഇതെല്ലാം മാധ്യമ വാർത്ത’… കെ. സി വേണുഗോപാൽ

ന്യൂഡൽഹി: അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന കോൺഗ്രസ് തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറല് സെക്രട്ടറി കെ. സി വേണുഗോപാൽ. ഇതൊക്കെ മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളാണെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച് ഇന്ന് കോൺഗ്രസ് നേതാക്കൾ യോഗം ചേരുമെന്നും ഇത്തരം കാര്യങ്ങളൊക്കെ അവിടെയാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരൻ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ യോഗത്തിലാണ് ചർച്ച ചെയുക. കൃത്യമായ സമയത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർത്തിയായി. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം എല്ലാം ഭദ്രമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അതിലുള്ള എംഎൽഎമാരെ തന്നെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. മറ്റ് അത്ഭുതങ്ങൾ ഒന്നും പട്ടികയിൽ ഇല്ലല്ലോയെന്നും കെ. സി ചോദിച്ചു. ജനങ്ങളെ ഉപദ്രവിച്ച സർക്കാരിന്റെ ഭാഗമായിട്ടുള്ളവരാണ് വീണ്ടും മത്സരിക്കുന്നത്. സിപിഐഎമ്മും സിപിഐയും ഓളം ഉണ്ടാക്കിയതായി തോന്നുന്നില്ലെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ ഉപദ്രവിച്ച സർക്കാരിന്റെ ഭാഗമായി ഉള്ളവരാണ് 57 സിറ്റിംഗ് എംഎൽഎമാരും.ഇതിൽ പുതുമ ഒന്നുമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ കമ്മീഷനെതിരെ കെസി വേണുഗോപാൽ ആരോപണം ഉന്നയിച്ചു. ദുഃഖവെള്ളി, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസമാണെന്നും കെ. സി വേണുഗോപാൽ പങ്കുവെച്ചു. കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ കോൺഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.



