അഗ്രി ടൂറിസത്തിന്റെ പേരിൽ 100 കോടിയുടെ തട്ടിപ്പ്… അച്ഛനും മക്കളും പിടിയിൽ…

കളമശ്ശേരി: അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് കബളിപ്പിച്ച കേസിൽ അച്ഛനും രണ്ട് മക്കളും പൊലീസിന്റെ പിടിയിലായി. കളമശ്ശേരി പത്തടിപ്പാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അഗ്രി ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയായ ‘അറ്റ്കോസ്’ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ തൃശ്ശൂർ ഏൽത്തുരുത്ത് ലാലൂർ റോഡിലെ പാറത്തല വീട്ടിൽ മുരളീധരൻ (62), മക്കളായ ആഷിക് മുരളി, അഖിൽ മുരളി എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ അമലനഗറിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നായി പണം സമാഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലൂടെയായിരുന്നു പ്രവർത്തനം. വിവിധ ജില്ലകളിലായി 13 ശാഖകൾ പ്രവർത്തിച്ചിരുന്നുവെന്നും കോയമ്പത്തൂരിലും ശാഖ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
നിക്ഷേപിച്ചവർക്ക് പിന്നീട് പണമോ ലാഭവിഹിതമോ നൽകാതിരുന്നതോടെ പരാതികൾ ഉയരുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 54 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ മാത്രം 29 കേസുകളുണ്ട്. പൊലീസ് കമ്മീഷണർ കാളിരാജ് എസ് മഹേഷ് കുമാറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്.



