കോണ്‍ഗ്രസിൽ പോസ്റ്റര്‍ യുദ്ധം മുറുകുന്നു…വിഡി സതീശന്‍റെ ഓഫീസിന് സമീപം സുധാകരനായി ഫ്ലക്സ്…

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കി കെ സുധാകരൻ, അടൂര്‍ പ്രകാശ് അനുകൂലികള്‍ പോസ്റ്റര്‍ യുദ്ധവുമായി രംഗത്ത്. ഇന്നലെ കണ്ണൂരിൽ ഡിസിസി ഓഫീസിന് സമീപം കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിൽ ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളിൽ ഫ്ലക്സുകളാണ് സ്ഥാപിച്ചത്. പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ വിഡി സതീശന്‍റെ ഓഫീസിന് സമീപവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സേവ് കോണ്‍ഗ്രസ് ഫോറം ആണ് ഫ്ലക്സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാൻ രാഹുൽഗാന്ധി പിന്തുണ നൽകിയിട്ടുണ്ടെന്നും ഫ്ലക്സിലുണ്ട്. ഇതിനിടെ, അടൂര്‍ പ്രകാശിനായി പത്തനംതിട്ടയിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നും. അടൂർ പ്രകാശിനെയും കെ സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്‍റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.



