വിമാന യാത്രയ്ക്ക് ചെലവേറും; എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയ്ക്കു പിന്നാല യാത്രക്കൂലിക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും. മാർച്ച് 14 അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് ഇനി അധിക തുക നൽകേണ്ടി വരും. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന. ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്, 2,300 രൂപ.മിഡിൽ ഈസ്റ്റ് ടിക്കറ്റുകൾക്ക് 900 രൂപയും തെക്കുകിഴക്കൻ ഏഷ്യ, ചൈന ടിക്കറ്റുകൾക്ക് 1,800 രൂപയും ഈടാക്കും. ആഫ്രിക്ക, പശ്ചിമേഷ്യ ടിക്കറ്റുകൾക്ക് സമാനമായ രീതിയിൽ 1,800 രൂപയാണ് ഈടാക്കുക. നേരത്തെ എയർ ഇന്ത്യയും സർചാർജ്ജ് ഏർപ്പെടുത്തിയിരുന്നു.
യുദ്ധസാഹചര്യത്തിൽ ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയിൽ 85 ശതമാനത്തിലേറെ വർധനവുണ്ടായെന്നാണ് കണക്ക്. എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾക്ക് 399 രൂപയാണ് സർചാർജായി പ്രഖ്യാപിച്ചത്.



