കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം; ‘ഭാര്യയുടെ പേരിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ ആൾ, ഡോ. ശിവപ്രസാദിനെതിരെ മന്ത്രി

സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി. നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളെണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശിവപ്രസാദ് വീടിന് അടുത്ത് ഭാര്യയുടെ പേരിൽ ഉള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് പിടികൂടിയത് ആണ്. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെൻറ് റദ്ദാക്കുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു.
ഡോക്ടർ ശിവപ്രസാദിന് മറ്റ് താൽപര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി ആരോപിച്ചു. ഓരോ മെഡിക്കൽ കോളേജിൻറെ നിലവാരം അനുസരിച്ച ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടാണ് സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയാണ് കോന്നി മെഡിക്കൽ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങൾ സൂചിപ്പിച്ചാണ് നോട്ടീസ്. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു.



