അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമം; ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ

പാർട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആർ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുൻപായാണ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത്. അതിനിടെ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നാളെ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയിൽ ജില്ലാ നേതാക്കൾ വസതിയിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ വാർത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കൾ അഭ്യർഥിച്ചതായാണ് വിവരം.
സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ നാളെ വാർത്താസമ്മേളനം നടത്തുമെന്ന് സുധാകരൻ അറിയിച്ചതിനെ തുടർന്നാണ് അവസാന വട്ട ശ്രമം എന്ന നിലയിൽ നേതാക്കൾ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരൻ നാളെ പ്രതികരിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് നേതാക്കളുടെ സന്ദർശനം.



