‘ചികിത്സാപ്പിഴവ് സംഭവിക്കാം, മരണം വരെ ഉണ്ടായേക്കാം’; കോന്നി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ‘മരണ മുന്നറിയിപ്പ്’

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പുറപ്പെടുവിച്ച നോട്ടീസ് വിവാദമാകുന്നു. ആശുപത്രിയിലെ പരിമിതികൾ തുറന്നുപറഞ്ഞുകൊണ്ട് രോഗികൾക്കായി പതിപ്പിച്ച നോട്ടീസ് പിന്നീട് അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. ഇത് സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു.

വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയാണ് കോന്നി മെഡിക്കൽ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങൾ സൂചിപ്പിച്ചാണ് നോട്ടീസ്. ഇത്രയൊക്കെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരണം വന്നാൽ കൂടെയും ഓപ്പറേഷൻ ചെയ്യാൻ പൂർണ്ണ സമ്മതമാണെന്ന് രോഗി അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളയുകയായിരുന്നു. സംഭവത്തിൽ സർജറി വിഭാഗം മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Related Articles

Back to top button