പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ; പരിപാടി ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല. സർക്കാർ പരിപാടി ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിൽ പങ്കെടുത്തേക്കില്ല. ഇന്നലെയാണ് പരിപാടിയെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചിട്ടുള്ളതെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി എംബി രാജേഷ് അറിയിച്ചത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും അറിയിച്ചിട്ടുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ദേശിയപാത ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ വിമർശനം ഉയരുകയാണ്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിട്ടുകൂടിയും റിയാസിനെ ക്ഷണിക്കാത്തത്. ഇതിൽ പ്രതിഷേധമറിയിച്ചുകൊണ്ടാണ് ക്ഷണിക്കപ്പെട്ട മന്ത്രിമാരും പരിപാടി ബഹിഷ്കരിക്കുന്നതെന്നാണ് സൂചന.

കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിൻറെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി എത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് കേരള സർക്കാരാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും പരിപാടിയിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. .ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സർക്കാരിന് പകരം മറ്റൊരു സർക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. അതേസമയം ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്ത രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും ആണ് സിപിഎമ്മിന്റെ വിമർശനം.

മന്ത്രി എംബി രാജേഷും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചത് ഇന്നലെയാണെന്നും മണ്ഡലത്തിൽ നേരെത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടുതന്നെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. സംസ്ഥാന സർക്കാർ പരിപാടി ബഹിഷ്കരിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാന സർക്കാരിൻറെ പ്രതിനിധികളായി ആരും ചടങ്ങിനെത്താത്തത് പുതിയ രാഷ്‌ടീയ വിവാദത്തിനാണ് തുടക്കം കുറിക്കുക.

Related Articles

Back to top button