“അവൾക്കൊപ്പം എന്നത് വെറും വാക്കല്ല… മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം”……..ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജെബി മേത്തർ

ന്യൂഡൽഹി: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷയും എം.പിയുമായ ജെബി മേത്തർ. ഗണേഷ് കുമാർ ഒരു ‘അതിപീഡക നായകൻ’ ആണെന്നും അദ്ദേഹത്തെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.
മന്ത്രിയുടെ ഭാര്യ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ മകളെയടക്കം ഉൾപ്പെടുത്തിയാണ് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല എന്നത് ഗൗരവകരമാണ്. “അവൾക്കൊപ്പം” എന്നത് വെറും എഴുതിവയ്ക്കാനുള്ള വാക്കല്ലെന്ന് ജെബി മേത്തർ പരിഹസിച്ചു. ഒരു മന്ത്രി പത്നിക്ക് പോലും നീതി കിട്ടാത്ത സാഹചര്യമാണുള്ളതെന്നും “പിണറായി കാലം എന്നാൽ കണ്ണീർക്കാലം” ആണെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സിപിഐഎമ്മിലെ വനിതാ നേതാക്കളായ പി.കെ. ശ്രീമതി ടീച്ചറും കെ.കെ. ശൈലജയും നിലപാട് വ്യക്തമാക്കണമെന്നും അവർ പ്രതിഷേധത്തിൽ ഒപ്പം ചേരണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്നതെങ്കിൽ മഹിളാ കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജെബി മേത്തർ അറിയിച്ചു.



