ബൈക്ക് എടുക്കാൻ എത്തിയ യുവാവിന് ലാത്തിയടി…ശ്രീകാര്യം സിഐക്കെതിരെ പരാതി…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിനിടെ പൊലീസ് യുവാവിനെ ലാത്തി കൊണ്ട് മർദിച്ചതായി പരാതി. ശ്രീകാര്യം സി ഐ പൊങ്ങംമൂട് സ്വദേശി കിരണിനെ ലാത്തി കൊണ്ട് ക്രൂരമായി മ‍‍ർദിച്ചുവെന്നാണ് പരാതി. പരാതി നൽകിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സിഐക്കെതിരെ കിരൺ കമ്മീഷണർക്ക് പരാതി നൽകി.

മാർച്ച് രണ്ടിന് പുലർച്ചെ ചെല്ലമംഗലം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന കിരൺ ഗതാഗത തടസ്സം കാരണം വഴിയിൽപ്പെട്ടു. ഉത്സവത്തിനിടെ ഉണ്ടായ അടിപിടി പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സമീപത്ത് പാർക്ക് ചെയ്തിരുന്ന സുഹൃത്തിന്റെ ബൈക്ക് എടുക്കാൻ എത്തിയ കിരണും ഇതിനിടയിൽ പെട്ടു. ലാത്തിയുമായി അടുത്തെത്തിയ സി ഐ കിരണിനോട് സ്ഥലത്ത് നിന്ന് മാറാൻ പറഞ്ഞെു. ബൈക്കെടുക്കാൻ വന്നതാണെന്ന് കിരൺ പറ‌ഞ്ഞപ്പോൾ പ്രകോപിതനായ സി ഐ മർദിച്ചു എന്നാണ് പരാതി.

തുടർന്ന് അടുത്ത ജങ്ഷൻ വരെ സി ഐ അശ്വിനി കിരണിനെ വലിച്ചുകൊണ്ടുപോയെന്നും പരാതിയുണ്ട്. നാട്ടുകാർ ഇടപെട്ടപ്പോൾ വെറുതെ വിട്ടു എന്നാണ് കിരൺ പറയുന്നത്. കിരൺ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സിഐക്കെതിരെ പരാതി നൽകിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കിരൺ പറയുന്നു. സംഭവത്തിൽ ശ്രീകാര്യം സി ഐക്കെതിരെ പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button