വീണ്ടും ചികിത്സ പിഴവ്… ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’…

തിരുവനന്തപുരം കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്ന് പരാതി. സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് വേദന അനുഭവിച്ചത് മൂന്നു മാസം.
ഡിസംബര്‍ 3നാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു. ഇതോടെയാണ് വയറിനുള്ളില്‍ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇതോടെ ശസ്ത്രക്രിയ നടത്തിയ സിഎസ്ഐ ആശുപത്രിയില്‍ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു.
ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നു ഷീബ പ്രമോദ് പറഞ്ഞു. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്കി. തുണി വയറ്റില്‍ കുടങ്ങിയത് മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ആകാമെന്നാണ് ഡോക്ടറുടെ വിശദീകരണം.


