പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടു…സിപിഎം -ബിജെപി പോര് കടുക്കുന്നു…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സിപിഎം -ബിജെപി പോര് തീരുന്നില്ല. നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. സിപിഎം രാഷ്ട്രീയം കളിക്കുന്നെന്നാണ് കോർപ്പറേഷന്റെ ആരോപണം.
ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാർക്കിംഗ് ഫീ പ്രശ്നം- ഇപ്പോൾ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീൻ ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഇപ്പോഴും മാലിന്യം നിറഞ്ഞുകവിഞ്ഞു കിടക്കുന്നു. മാലിന്യ നീക്കം പൂർത്തിയാക്കത്തിൽ പ്രതിഷേധിച്ചാണ് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയണെന്നും ആക്ഷേപമുണ്ട്. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ്
മേയറുടെ പ്രതികരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു. ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപ്പൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ ബിജെപി അനാവശ്യ വിവാദങ്ങൾ ശ്രമിച്ചെന്നായിരുന്നു പൊങ്കാല കഴിഞ്ഞയുടൻ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.



