അഭയത്തിന്റെ കരുതലിൽ ശിവഗംഗ പത്താം ക്ലാസ് പരീക്ഷ എഴുതും

മാവേലിക്കര- അഭയത്തിന്റെ കരുതലിൽ ശിവഗംഗ പത്താം ക്ലാസ് പരീക്ഷ എഴുതും. ഗുരുതരമായ ഹൃദയ ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തെക്കേക്കര മുള്ളിക്കുളങ്ങര പ്രണവ് നിവാസിൽ സനിൽകുമാറിന്റെയും വിനീതയുടെ മകൾ ശിവഗംഗ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ചെറുപ്പം മുതലേയുള്ള രോഗത്തിൻറെ തുടർച്ചയായി ശിവഗംഗ വലിയ പ്രതിസന്ധികളെയാണ് അതിജീവിച്ചത്.

ഹൃദയ വാൽവിലെ ദ്വാരമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് ശ്വാസകോശവും തകരാറിലായി. ഇവ രണ്ടും മാറ്റിവയ്ക്കാതെ പരിഹാരമില്ലാ എന്ന് ഡോക്ടർമാർ പറഞ്ഞതോടെ നിർധനരായ ഈ കുടുംബം നിരാശയിലായി. ദുരവസ്ഥ കണ്ട് തെക്കേക്കര പഞ്ചായത്ത് ഭരണസമിതിയാണ് കഴിഞ്ഞവർഷം കുട്ടിക്കായി തുക കണ്ടെത്തിയത്. ദാതാവിനെ കിട്ടുമ്പോൾ അവയവങ്ങൾ മാറ്റിവയ്ക്കും.

ഇതിനിടയിലാണ് എസ്.എസ്.എൽ.സി പരീക്ഷ കടന്നു വന്നത്. എങ്ങനെ എഴുതും എന്ന ആകുലതയ്ക്കിടെയാണ് അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോർഡിനേറ്റർ ലിജോ വർഗീസ് ഇടപെട്ടത്. എല്ലാ പരീക്ഷകളും അഭയത്തിന്റെ ആംബുലൻസിൽ കൊണ്ടുപോയി എഴുതിച്ച് തിരികെ എത്തിക്കാൻ തീരുമാനിച്ചു. ഇന്നലെ രാവിലെ ലിജോ വർഗീസ്, അഭയത്തിന്റെ തെക്കേക്കര പടിഞ്ഞാറ് ചെയർമാൻ പ്രൊഫ.ടി.എം സുകുമാര ബാബു, മനോജ് സുഭാഷ്, അഭിലാഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസിൽ കൊണ്ടുപോയി പരീക്ഷ എഴുതിച്ച ശേഷം തിരികെ എത്തിച്ചു. വരും ദിവസങ്ങളിലും ഈ സേവനം തുടരുമെന്ന് ലിജോ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധുസൂദനന്റെ നിർദ്ദേശപ്രകാരമാണ് അഭയം ഇടപെട്ടത്



