ഇറാൻ പരമോന്നത നേതാവിന്റെ വിയോഗം: ഇന്ത്യ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി എംബസിയിലെത്തി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ എംബസിയിൽ സജ്ജീകരിച്ച അനുശോചന പുസ്തകത്തിൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ചു.

ഖമനയിയുടെ വിയോഗത്തെത്തുടർന്ന് ഇറാൻ എംബസിയിൽ ദുഃഖാചരണം പുരോഗമിക്കുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥർക്കും മറ്റും അനുശോചനം രേഖപ്പെടുത്തുന്നതിനായി എംബസിയിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി സന്ദർശകർക്ക് ഇന്നും നാളെയും ഒൻപതാം തീയതിയും അവസരമുണ്ടാകും. റഷ്യൻ നയതന്ത്ര പ്രതിനിധികളും ഇതിനകം എംബസിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ഇറാൻ പരമോന്നത നേതാവിന്റെ വിയോഗം തങ്ങളുടെ പിതാവിനെ നഷ്ടപ്പെട്ടതുപോലെയാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പ്രതികരിച്ചു. “ചരിത്രത്തിലെ ശരിയായ പക്ഷത്താണ് അദ്ദേഹം നിലകൊണ്ടത്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. സമാധാനത്തിനും യുദ്ധത്തിനും തയ്യാറാണെങ്കിലും, നിലവിലെ സമാധാന ശ്രമങ്ങളെ അട്ടിമറിച്ചത് തങ്ങളല്ല,” അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച അംബാസഡർ, പാശ്ചാത്യ ശക്തികൾ മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

അയൽരാജ്യങ്ങളെ ഇറാൻ ഒരിക്കലും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അംബാസഡർ, എന്നാൽ ഇറാനെ ആക്രമിക്കാൻ അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണിൽ സൈനിക താവളങ്ങൾ തുറന്നു നൽകിയതിനെ വിമർശിച്ചു. ഈ താവളങ്ങളിൽ നിന്നാണ് ഇറാനിലെ സ്കൂളുകൾക്ക് നേരെ ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ മധ്യസ്ഥശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഇന്ത്യൻ അധികൃതരോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും, പണ്ടുകാലം മുതലേ ഇന്ത്യയുമായി ഇറാൻ വളരെയടുത്ത സൗഹൃദബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Back to top button