കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസ്; പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

അഭിഭാഷകയെ ആക്രമിച്ച കേസിൽ പ്രതിയായ യുവാവ് വർക്കലയിലെ ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽ കുമാറിനെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഫെ​ബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്. മുറിയിൽ നിന്ന് പുറത്തു പോകുന്നതോ വരുന്നതോ കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ മുറി പരിശോധിക്കുമ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച വിമൽകുമാർ അഭിഭാഷകയെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന് പൊലീസ്. ഒരു മാസം മുമ്പാണ് മംഗലപുരത്ത് കെഎസ്ആർടിസി ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം നടന്നത്. കേസിൽ ഇയാൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button