സിപിഎം സംസ്ഥാന സമിതിയിലും ‘ശ്യാമള’ വിവാദം, ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെ?..

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം. ഇന്ന് ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്ന ചോദ്യത്തോടെയായിരുന്നു ഗോവിന്ദൻറെ മറുപടി. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി കെ ശ്യാമള ഡി വൈ എഫ് ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാർട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പിൽ മത്സരിച്ചും പി കെ ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്നിരിക്കെ ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയാണ്. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. ശ്യാമളക്കെതിരെ നടക്കുന്ന സൈബർ പ്രചാരണം മലപ്പുറത്തുനിന്നുള്ള യുവ നേതാവാണ് സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.




