എലത്തൂർ മണ്ഡലത്തെ ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു; ശശീന്ദ്രനെ മാറ്റണമെന്ന് പിസി ചാക്കോ

നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിന്റെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻസിപിയിൽ തർക്കം മുറുകുന്നു. മണ്ഡലത്തിൽ നിന്നും എകെ ശശീന്ദ്രനെ മാറ്റണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടു. സ്വയം ഒഴിയാൻ ശശീന്ദ്രൻ തയ്യാറാകണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പിസി ചാക്കോ ആവശ്യപ്പെട്ടത്. എന്നാൽ താൻ മത്സര രംഗത്തുനിന്ന് സ്വയം ഒഴിയില്ലെന്ന് നിലപാടറിയിച്ചിരിക്കുകയാണ് ശശീന്ദ്രൻ. പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് ഈ മാസം 9 ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
അതേസമയം ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ നേതൃയോഗത്തിലും നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി ചാക്കോയുടെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു.എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തി. എ കെ ശശീന്ദ്രൻ പാർട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന് നാഷണലിസ്റ്റ് യൂച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് യൂസുഫ് പുതുപ്പാടി മാധ്യമങ്ങളോട് പ്രതികരിച്ചത്.



