പ്രണയസ്മാരകത്തിന്റെ യഥാർത്ഥ പേര് ‘താജ് മഹൽ’ എന്നല്ല; മുംതാസ് മഹലിന്റെ സ്മരണാർത്ഥം ഷാജഹാൻ നൽകിയ ‘തിളങ്ങുന്ന ശവകുടീരം’ എങ്ങനെ താജ്മഹൽ ആയി?

ലോകത്തിലെ പ്രണയസ്മാരകങ്ങളിൽ വെച്ച് ഏറ്റവും മനോഹരമായ ഒന്നാണ് ആഗ്രയിലെ ‘താജ്മഹൽ’. എന്നാൽ ഇത്രയും കാലം നാം വിളിച്ച ഈ പേര് ആ സ്മാരകത്തിന് ചക്രവർത്തിയായ ഷാജഹാൻ നൽകിയതല്ല എന്ന വസ്തുത പലർക്കും അജ്ഞാതമാണ്. ചരിത്രരേഖകൾ പ്രകാരം മറ്റൊരിടത്താണ് ഈ സ്മാരകത്തിന്റെ നാമകരണം തുടങ്ങുന്നത്. ഷാജഹാൻ നൽകിയ നാമം കാലം കഴിഞ്ഞപ്പോൾ ആ പേര് മാറുകയും ഇന്ന് നമ്മൾ അതിനെ താജ്മഹൽ എന്ന് വിളിക്കുകയും ചെയ്യുന്നു. അതിൻ്റെ യഥാർത്ഥ പേരും അതിന് പിന്നിലെ കൗതുകകരമായ കാര്യങ്ങളും പറയാം.
ചരിത്രത്തിലെ പേർഷ്യൻ രേഖകൾ അനുസരിച്ച്, താജ്മഹലിൻ്റെ യഥാർത്ഥ പേര് ‘റൗസ-ഇ-മുനവ്വറ’ (Rauza-i-Munawwara) എന്നായിരുന്നു. ‘പ്രകാശിക്കുന്ന ശവകുടീരം’ അല്ലെങ്കിൽ ‘തിളങ്ങുന്ന സ്മാരകം’ എന്നൊക്കെയാണ് ഇതിനർത്ഥം. ചില ചരിത്രരേഖകളിൽ ഇതിനെ ‘റൗസ-ഇ-മുംതാസ്’ എന്നും വിളിക്കുന്നുണ്ട്, അതായത് മുംതാസിൻ്റെ ശവകുടീരം. പതിയെ പതിയെ ഈ പേര് ചുരുങ്ങിയാണ് ‘താജ്മഹൽ’ എന്ന പേരിൽ പ്രശസ്തമായത്.
ഷാജഹാൻ തൻ്റെ പ്രിയപത്നി മുംതാസ് മഹലിൻ്റെ മരണശേഷം 1632-ലാണ് ഈ സ്മാരകത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. മുംതാസിൻ്റെ യഥാർത്ഥ പേര് അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു. ‘മുംതാസ് മഹൽ’ എന്നത് അവർക്ക് ലഭിച്ച രാജകീയ പദവിയായിരുന്നു. ഈ സ്മാരകം അവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതുകൊണ്ട്, പേരും അതുമായി ബന്ധമുള്ളത് തന്നെ നൽകി. അക്കാലത്ത് മുഗൾ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നതുകൊണ്ട് പേരും പേർഷ്യനിൽ തന്നെ നൽകുകയായിരുന്നു.
എങ്ങനെയാണ് താജ്മഹൽ എന്ന പേര് വന്നത്?
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ‘താജ്മഹൽ’ എന്ന പേര് ‘മുംതാസ് മഹൽ’ എന്ന പേരിൽ നിന്ന് തന്നെ വന്നതാണ്. സാധാരണക്കാർക്ക് ‘റൗസ-ഇ-മുനവ്വറ’ എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് കാലം കഴിഞ്ഞപ്പോൾ ഈ പേര് ചെറുതായി ‘താജ്മഹൽ’ ആയി മാറി. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ഈ പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങി. അതോടെ ഈ പേര് ലോകമെമ്പാടും പ്രശസ്തമായി.
ഇന്ന് താജ്മഹൽ ഒരു ശവകുടീരം മാത്രമല്ല, പ്രണയത്തിൻ്റെയും വാസ്തുവിദ്യയുടെയും വിസ്മയകരമായ ഉദാഹരണം കൂടിയാണ്. ഈ സ്മാരകം ഇന്ത്യയുടെ അഭിമാനം മാത്രമല്ല, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. യഥാർത്ഥ പേര് എന്തുതന്നെയായിരുന്നാലും, ‘താജ്മഹൽ’ എന്ന പേര് ഇന്ന് ലോകപ്രശസ്തമാണ്.



