‘പഠിച്ചു മടുത്തിരിക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ ഒപ്പം നിന്ന ഒരു അച്ഛനും അമ്മയും’

ജില്ലാ കലക്ടറുടെ കസേരയിലേക്ക് തന്നെ എത്തിച്ചത് വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രമല്ല, തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയും കൂടയാണെന്ന്, തൃശൂർ കലക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രൻ. ചാർജ് എടുത്തതിനു പിന്നാലെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് കലക്ടർ അമ്മയെയും വിട പറഞ്ഞ അച്ഛനേയും ഓർത്തെടുക്കുന്നത്.

”സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കലക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛന്റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എന്റെ ഊർജ്ജം.” – കുറിപ്പിൽ പറയുന്നു.

”ചാർജ് എടുക്കാൻ കലക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛന്റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കലക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കാനോ അറിയുമായിരുന്നില്ല.”

”സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.

സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കലക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല, മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ, ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.” ശിഖ കുറിപ്പിൽ പറയുന്നു.

Related Articles

Back to top button