‘പട്ടിക തിരുത്തിയപ്പോൾ മണിയെ വെട്ടി’; എംഎം മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎം മണിക്ക് സീറ്റില്ല. മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിയുടെ പേരായിരുന്നു നേരത്തെ ഉടുമ്പൻചോലയിൽ നിർദേശിച്ചിരുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു നൽകിയ പട്ടികയിലും മണിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തിയതോടെ മണിയുടെ പേര് വെട്ടുകയായിരുന്നു. പകരം കെ.കെ. ജയചന്ദ്രന്റെ പേര് നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മണിക്ക് പകരം ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുന്നത് കെകെ ജയചന്ദ്രനാകും. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ഇന്ന് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കും
ഉടുമ്പൻചോലയിൽ മൂന്നാമതും എംഎം മണി തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ജനങ്ങൾക്കിടയിൽ മണിക്ക് ഉള്ള സ്വീകാര്യത വോട്ടായി മാറിയേക്കുമെന്നാണ് ജില്ലാ നേതൃത്വം പ്രതീക്ഷിച്ചിരുന്നതും. മൂന്നുമാസം മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയിലടക്കം സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടായിരുന്നത്. ഇത് മാറണമെങ്കിൽ മണി തന്നെ കളത്തിലിറങ്ങണമെന്നായിരുന്നു ജില്ലാ നേതൃത്വം കരുതിയിരുന്നത്. മണിയുടെ സ്വീകാര്യത സമീപത്തെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെനന്നായിരുന്നു ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം നിർദേശിച്ചത് കെ.കെ. ജയചന്ദ്രന്റെ പേരാണ്.



