യുഎസിനൊപ്പം ചേർന്ന് ഗൾഫ് രാജ്യങ്ങൾ, ഇറാനെ കൂടുതൽ കൂടുതൽ ഒറ്റപ്പെടുത്തി; സംയുക്ത പ്രസ്താവന പുറത്ത്

മധ്യേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന വിവേചനരഹിതവും പ്രകോപനപരവുമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഏഴ് പ്രമുഖ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും യാതൊരുവിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. യുഎഇ, ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങളുടേതാണ് സംയുക്ത പ്രസ്താവന
ഇറാന്‍റെ നടപടികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും സമാധാനപരമായ ജനജീവിതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നും രാജ്യങ്ങൾ കുറ്റപ്പെടുത്തി. ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾ മേഖലയിലെ സുസ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വ്യക്തമാക്കിയ ഈ രാജ്യങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം അതീവ ഗൗരവത്തോടെയാണ് ഈ സംയുക്ത പ്രസ്താവനയെ നോക്കിക്കാണുന്നത്



